ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. ഞായറാഴ്ച സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. അതേസമയം വിഷയത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന വാർത്താ സമ്മേളനത്തിൽ ആംആദ്മി നേതൃത്വം പ്രതികരിക്കും.
നിലവിൽ കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐയുടെ കസ്റ്റഡിയിൽ തന്നെയാണ്. സിസോദിയയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. മദ്യ നയ അഴിമതിയിൽ കെജ്രിവാളിനും പങ്കുളളതായി ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.
മദ്യ നയ അഴിമതിയിലൂടെ ആയിരം കോടിയിലധികം രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയിരിക്കുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ മദ്യ വിൽപ്പന സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകി കൊണ്ടായിരുന്നും മദ്യ നയം മനിഷ് സിസോദിയ പരിഷ്‌കരിച്ചത്. സ്വകാര്യ കമ്പനികളിൽ നിന്നും കോടികൾ കൈപ്പറ്റിക്കൊണ്ടായിരുന്നു സർക്കാരിന്റെ ഈ തീരുമാനമെന്നാണ് പരാതി. മാത്രമല്ല ഇതുവഴി കോടികളുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടായത്. ഇതിലെല്ലാമാണ് നിലവിൽ സിബിഐ അന്വേഷണം നടത്തുന്നത്. കേസിൽ സിസോദിയയ്‌ക്കെതിരെ ഇഡിയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം ആറ് മണിയോടെയാകും ആംആദ്മി പാർട്ടി വാർത്താസമ്മേളനം സംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്.
Discussion about this post