ന്യൂഡൽഹി : അടുത്ത തവണ ബംഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ 35 ഉം ബിജെപി പിടിച്ചെടുക്കും. മരുമകൻ അഭിഷേക് ബാനർജിയെ അടുത്ത മുഖ്യമന്ത്രിയാക്കാമെന്നത് മമത ബാനർജിയുടെ വെറും വ്യാമോഹമാണെന്നാണ് അമിത് ഷാ പറഞ്ഞത്. ബിർഭൂമിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടേതിന് തുല്യമായ ഭരണമാണ് മമത ബംഗാളിൽ കാഴ്ചവെയ്ക്കുന്നത്. 2024 ൽ ബിജെപി വീണ്ടും അധികാരത്തിലേറിയാൽ രാമനവമി ഘോഷയാത്രകൾക്ക് നേരെ ആക്രമണം നടത്താൻ സംസ്ഥാനത്ത് ആരും മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“നരേന്ദ്ര മോദി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ നിന്ന് 35-ലധികം സീറ്റുകൾ ബിജെപിക്ക് നൽകൂ, 2025-നപ്പുറം മമതാ ബാനർജി സർക്കാർ നിലനിൽക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാനാകും ” അമിത് ഷാ പറഞ്ഞു.
“മമത ബാനർജി തന്റെ അനന്തരവനെ അടുത്ത മുഖ്യമന്ത്രിയാക്കുമെന്ന് സ്വപ്നം കണ്ടേക്കാം, എന്നാൽ പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ബി.ജെ.പിയിൽ നിന്നായിരിക്കും. ബി.ജെ.പി.ക്ക് മാത്രമേ അഴിമതിക്കാരായ ടി.എം.സിയെ പരാജയപ്പെടുത്താൻ കഴിയൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post