കണ്ണൂർ : കേരളത്തിന് കേന്ദ്ര സർക്കാർ വന്ദേ ഭാരത് അനുവദിച്ചതിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സന്തോഷിക്കാമെന്ന് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസ്. ഇനിമുതൽ ഷൊർണൂരിൽ നിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്ന് കൃഷ്ണദാസ് പറഞ്ഞു. എംവി ഗോവിന്ദനെ പരിഹസിച്ചുകൊണ്ടുളളതായിരുന്നു പികെ കൃഷ്ണദാസിന്റെ പരാമർശം.
രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇനി ദുഃഖിക്കേണ്ട. രണ്ടു ലക്ഷം കോടി ചെലവഴിക്കാതെ നാമമാത്രമായ തുകയ്ക്കാണ് കേരളത്തിലെ ജനങ്ങൾ ഇനി തെക്കുനിന്ന് വടക്കോട്ടേയ്ക്കും വടക്കുനിന്ന് തെക്കോട്ടേയ്ക്കും വളരെ വേഗത്തിൽ യാത്ര ചെയ്യുക.
ഗോവിന്ദൻ മാഷിനും ഏറെ സന്തോഷിക്കാൻ സാധിക്കും. ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് അതു വിറ്റ് വളരെ പെട്ടെന്ന് ഷൊർണൂരിലേക്കും എത്താനാകും. അതിന് രണ്ടു ലക്ഷം കോടി രൂപ ചെലവും വരില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ തയാറാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എക്സ്പ്രസ്. വന്ദേഭാരത് എക്സ്പ്രസ് അല്ല കെ റെയിലാണ് കേരളത്തിൽ പ്രാവർത്തികമാകാൻ പോകുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്നും, മുഖ്യമന്ത്രിയുടേത് വെറും വായ്ത്താരിയാണെന്നും ഈ വിഷുദിനത്തിൽ മലയാളികൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post