പാറ്റ്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിപദം അല്ലെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പാറ്റ്‌നയിൽ പാർട്ടി ഓഫീസിൽ അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു നിതീഷ്. അടുത്തിടെ നിതീഷും ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിക്കുകയും ബിജെപി സർക്കാരിനെതിരെ സഖ്യമുണ്ടാക്കുകയും ചെയ്യുമെന്നും നിതീഷ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നവർ സ്വയം നാശം ക്ഷണിച്ചുവരുത്തുകയും രാജ്യത്തെ നശിപ്പിക്കുകയുമായിരിക്കുമെന്നും നിതീഷ് കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്താൽ വ്യക്തികളുടെയും രാജ്യത്തിന്റെയും ബിഹാറിന്റെയും ക്ഷേമം ഉറപ്പിക്കാമെന്നും നിതീഷ് പറഞ്ഞു.
ബിജെപിയുമായി ചേർന്ന് ബിഹാറിൽ അധികാരം പങ്കിട്ടിരുന്ന നിതീഷ് കഴിഞ്ഞ ഓഗസ്റ്റിൽ സഖ്യത്തിൽ നിന്ന് പിൻമാറുകയും ആർജെഡിയും കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികളുമായി ചേർന്ന് മഹാഗഢ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായി സർക്കാർ രൂപീകരിക്കുകയുമായിരുന്നു. പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പ്രധാനമന്ത്രി മോഹവുമായിട്ടാണ് നിതീഷ് ബിജെപി സഖ്യം വിട്ടതെന്ന് നേരത്തെ പ്രചാരണം സജീവമായിരുന്നു. എന്നാൽ പ്രധാനമന്ത്രിയാകേണ്ടെന്നും ബിഹാറിന്റെ മുഖ്യമന്ത്രിപദം തന്നെ മതിയെന്നുമായിരുന്നു നിതീഷിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ നിതീഷിന്റെ പ്രധാനമന്ത്രി മോഹം വീണ്ടും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്നു. പലപ്പോഴും പരാജയപ്പെട്ട പ്രതിപക്ഷ ഐക്യമെന്ന സ്വപ്‌നം നിതീഷ് വീണ്ടും സജീവമാക്കുന്നതിന് പിന്നിലും ഈ ലക്ഷ്യമാണെന്ന് ആയിരുന്നു ചർച്ച.
Discussion about this post