തിരുവനന്തപുരം: ഈസ്റ്ററിന് പിന്നാലെ വിഷുവിനും ക്രൈസ്തവ സഭാ പുരോഹിതർക്ക് സ്‌നേഹവിരുന്നൊരുക്കി ബിജെപി. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്റെ വസതിയിലും പാർട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുളള എൻ ഹരിയുടെ കോട്ടയത്തെ വീട്ടിലുമാണ് ക്രൈസ്തവ പുരോഹിതർ വിരുന്നിന് എത്തിയത്.
വിവി രാജേഷിന്റെ വീട്ടിൽ കേരളത്തിന്റെ സംഘടനാ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറാണ് ചടങ്ങിനെത്തിയവരെ സ്വീകരിച്ചത്. വിഷുക്കോടിയും വിഷു കൈനീട്ടവും അതിഥികൾക്ക് പ്രകാശ് ജാവദേക്കർ നൽകി. ഗൃഹനാഥനായ വിവി രാജേഷ് ആണ് പ്രകാശ് ജാവദേക്കറിന് കൈനീട്ടവും വിഷുക്കോടിയും നൽകിയത്.
സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാ. വർക്കി ആറ്റുപുറം, ഫാ. ജോസഫ് വെൺമാനത്ത്
എന്നിവരാണ് എത്തിയത്. സ്‌നേഹസംഗമങ്ങളുടെ ഉദ്ദേശ്യം വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്ന് പ്രകാശ് ജാവദേക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന സ്‌നേഹസംഗമങ്ങളുടെ തുടർച്ചയാണിത്. തുടക്കം മുതൽ തന്നെ വിവിധ മതവിഭാഗങ്ങളിൽപെട്ടവർ ബിജെപിയിൽ ഉണ്്ടായിരുന്നു. അതുകൊണ്ടു തന്നെ ഇത് ഒരു വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് തിരഞ്ഞെടുപ്പുകളിൽ മാത്രം ചർച്ചയാകുന്ന കാര്യമാണ് വോട്ടിങ്. ഈ കൂട്ടായ്മകൾ സൗഹൃദത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ആണ് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷത്തിൽ പങ്കുചേർന്നത്. ഈസ്റ്റർ ആശംസകളും പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബിജെപി പ്രവർത്തകർ ഈസ്റ്റർ ദിവസം നടത്തിയ ഗൃഹസന്ദർശനം ഇടത് വലത് മുന്നണികൾ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷു ദിനത്തിലും വിവിധ മതസ്ഥരുമായി അടുപ്പം ദൃഢമാക്കി ബിജെപി സ്‌നേഹവിരുന്ന് ആവർത്തിച്ചത്.
Discussion about this post