കൊച്ചി: സിബിഐ ഡയറിക്കുറിപ്പ് ഉൾപ്പെടെയുളള സിനിമകളുടെ തിരക്കഥയെഴുതി മലയാളികൾക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എസ്എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി. പഴയകാല സിനിമകളിൽ മാത്രം ചെയ്തുവന്ന ലൈവ് ഓർക്കസ്ട്രേഷൻ സെക്ഷൻ ഒരുക്കിയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
വിഷു ദിനത്തിൽ എറണാകുളം ടൗൺ ഹാളിലാണ് പൂജ നടന്നത്. സംവിധായകൻമാരായ ജോഷി, ഷാജി കൈലാസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും അഭിനേതാക്കളും ഉൾപ്പെടെയുളള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. എസ്എൻ സ്വാമിക്ക് ചടങ്ങിൽ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികൾ ചേർന്ന് വിഷു കൈനീട്ടം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
എസ്എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ഗ്രിഗറി, കലേഷ് ,അപർണാ ദാസ്, ആർദ്രാ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റർ ടി. ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രതീഷ് ശേഖർ ആണ് പിആർഒ.
Discussion about this post