തൃശൂർ: അടയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തൃശൂർ ചേലക്കര കിളളിമംഗലത്ത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, അയൽവാസി കബീർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശിയായ 32 കാരൻ സന്തോഷിനാണ് ക്രൂരമായി മർദ്ദനമേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മതിലിൽ നിന്നും വീണ് ഇയാൾക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. തലയിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ഇയാളെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.
വീടിന് പുറത്ത് വിൽപനയ്ക്കായി വെച്ചിരുന്ന അടയ്ക്ക ചാക്കുകൾ മോഷണം പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വീട്ടുകാർ സിസിടിവി സ്ഥാപിക്കുകയായിരുന്നു. രാത്രിയിൽ സിസിടിവിയിൽ ഒരാളുടെ ദൃശ്യം കണ്ടതോടെ നാട്ടുകാരും വീട്ടുകാരും ജോലിക്കാരും ചേർന്ന് പിടികൂടുകയായിരുന്നുവെന്നാണ് വിവരം.
യുവാവിനെ കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ ഇവർ ഇയാളെ കൂട്ടവിചാരണ ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യുന്ന മൊബൈൽ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ 11 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മതിലിൽ നിന്നും താഴെ വീണാണ് തലയ്ക്ക് പരിക്കേറ്റതെന്നാണ് നാട്ടുകാർ പറയുന്നത്. ചേലക്കര പോലീസാണ് സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചേലക്കര സിഐയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു.












