ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ കൂട്ടാളികൾ ആളുകളെ സംഘടിപ്പിച്ച് വിവിധയിടങ്ങളിൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പുവരുത്താൻ പോലീസിനോട് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
സംഘർഷ സാദ്ധ്യത പരിഗണിച്ച് അതീവ ജാഗ്രതയാണ് സംസ്ഥാനത്ത് പുലർത്തുന്നത്. സംസ്ഥാനമൊട്ടാകെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ വന്നു. സംഘർഷത്തിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് താക്കീത് നൽകിയിട്ടുണ്ട്.
അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നിൽ പോലീസാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് ചെവികൊടുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ രാത്രി തന്നെ ഹോം സെക്രട്ടറി, ഡിജിപി എന്നിവരുമായി മുഖ്യമന്ത്രി യോഗം ചേർന്നിരുന്നു.
ഇന്നലെ രാത്രിയാണ് അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടത്. ഉമേഷ് പാലിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post