മുംബൈ : ഫോം കണ്ടെത്താനാകാതെ വിഷമിച്ച സൂര്യകുമാർ യാദവ് താളം വീണ്ടെടുത്തതോടെ ആത്മവിശ്വാസം പകരുന്ന ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തകർത്തത്. അർദ്ധ സെഞ്ച്വറി നേടി ഇഷാൻ കിഷനും മിന്നൽ ബാറ്റിംഗ് നടത്തി ടിം ഡേവിഡും മുംബൈയുടെ വിജയം അനായാസമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കിടേഷ് അയ്യരുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ 6 വിക്കറ്റിന് 185 റൺസ് നേടി. വെങ്കിടേഷ് 51 പന്തിൽ 104 റൺസെടുത്ത് പുറത്തായി. 11 പന്തിൽ 21 റൺസെടുത്ത് ആന്ദ്രെ റസ്സൽ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ റൺറേറ്റ് കുറഞ്ഞില്ലായിരുന്നെങ്കിൽ കൊൽക്കത്ത അനായാസം 200 കടന്നേനെ.
ഇമ്പാക്ട് പ്ലെയറായി വന്ന രോഹിത് ശർമ്മയും ഇഷാൻ കിഷനും ഓപ്പണിംഗ് വിക്കറ്റിൽ 65 റൺസ് നേടി. രോഹിത് ശർമ്മ പുറത്തായതിനു ശേഷമെത്തിയ സൂര്യകുമാർ യാദവ് ഫോം കണ്ടെത്തിയതോടെ മുംബൈ ഇന്ത്യൻസ് വിജയത്തിലേക്ക് നീങ്ങി. ഇഷാൻ കിഷൻ 25 പന്തിൽ 58 റൺസും സൂര്യകുമാർ 25 പന്തിൽ 43 ഉം റൺസെടുത്തു. നാല് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. സൂര്യ ഫോം കണ്ടെത്തിയത് മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ടീമിനും ശുഭകരമായ വാർത്തയായി.
Discussion about this post