പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. ആദ്ധ്യാത്മിക വിനോദസഞ്ചാരത്തിന് സന്തോഷകരമായ വാർത്തയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര വ്യോമയാനമന്ത്രായലം ഇത് സംബന്ധിച്ചുള്ള വാർത്ത പങ്കുവച്ചത്. ഈ വാർത്ത റീട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചിരിക്കുന്നത്.
കേരളത്തിന്റെ ആദ്ധ്യാത്മികപരമായിട്ടുള്ള വികസനക്കുതിപ്പിന് ഇത് വഴിയൊരുക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി വാർത്ത പങ്കുവച്ചിരിക്കുന്നത്. പരിസ്ഥിതി സംബന്ധമായ അനുമതികൾ ഇനിയും ലഭിക്കാനുണ്ടെങ്കിലും, സൈറ്റ് ക്ലിയറൻസ് വളരെ നിർണായകമാണ്. കേന്ദ്രം ഈ വിഷയത്തിൽ അനുകൂലമായ തീരുമാനമാണ് എടുക്കുന്നതെന്ന് നേതാക്കൾ ആവർത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വരുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ചെറുവള്ളിയിൽ നിർമ്മിക്കാനായി പദ്ധതി ഇടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്നും ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരമാണുള്ളത്. ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം അടക്കം വർദ്ധിക്കുമെന്നാണ് നിഗമനം. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനവും, തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന 60 ശതമാനവും പദ്ധതി പ്രദേശത്തോട് ചേർന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവാസികൾക്കാണ് വിമാനത്താവളം ഏറെ ഗുണം ചെയ്യുന്നത്.
Discussion about this post