ബംഗലൂരു: കർണാടകയിലെ പിന്നാക്ക വിഭാഗമായ ബഞ്ജാര സമുദായത്തോട് കോൺഗ്രസ് പാർട്ടി കടുത്ത അവഗണന കാട്ടുന്നുവെന്ന് പാർട്ടി നേതാവ് കെ ശിവമൂർത്തി. സമുദായത്തോട് ഏറ്റവും കൂടുതൽ പരിഗണന കാട്ടുന്നത് ആരാണോ, അവർക്ക് വോട്ട് നൽകാനാണ് സമുദായാംഗങ്ങളുടെ തീരുമാനം എന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക കോൺഗ്രസിലെ ആരും തന്നെ ബഞ്ജാര സമുദായത്തെ പരിഗണിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് കൂടി കടന്നുപോയപ്പോൾ, സമുദായാംഗങ്ങൾ യാത്ര വിജയമാക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് വന്നപ്പോൾ സമുദായത്തിന് കോൺഗ്രസിൽ നിന്നും ആകെ കിട്ടിയത് മൂന്ന് സീറ്റാണെന്ന് ശിവമൂർത്തി പറഞ്ഞു.
കർണാടകയിലെ വിവിധ മണ്ഡലങ്ങളിൽ ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ബഞ്ജാര സമുദായം വോട്ടുകളുടെ എണ്ണം കൊണ്ടും ശക്തമാണ്. സംസ്ഥാനത്തെ മുപ്പതോളം മണ്ഡലങ്ങളിലെ ജനവിധി നിർണയിക്കുന്നതിൽ നിർണായക സ്വാധീനമുള്ള സമുദായമാണ് ഇത്. കോൺഗ്രസ് സമുദായത്തിന് 3 സീറ്റുകൾ മാത്രം നൽകിയപ്പോൾ, ബിജെപി ഇവർക്ക് നൽകിയിരിക്കുന്നത് 13 സീറ്റുകളാണ്.
സമുദായാംഗങ്ങൾക്ക് ബിജെപിയോടാണ് ആഭിമുഖ്യമെന്നും, അവരെ അതിൽ തെറ്റ് പറയാനാകില്ലെന്നുമാണ് ബഞ്ജാര വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവായ ശിവമൂർത്തിയുടെ പ്രതികരണം. കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന നേതാവാണ് അദ്ദേഹം.
Discussion about this post