ന്യൂഡൽഹി : ഗൗമത ബുദ്ധന്റെ ഉപദേശങ്ങൾ പിന്തുടർന്ന് ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധന്റെ സിദ്ധാന്തങ്ങളും അത് പ്രയോഗിക്കുന്ന രീതിയും സാക്ഷാത്കാരവുമാണ് ഇന്ത്യ പിന്തുടരുന്നത് എന്ന് ആഗോള ബുദ്ധമത ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ആഗോള ബുദ്ധമത ഉച്ചകോടി സംഘടിപ്പിക്കുന്നത്.
അമൃത കാലത്തിൽ ഇന്ത്യ വികസനക്കുതിപ്പിലാണ്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിന് വേണ്ടിയാണ് രാജ്യമിന്ന് പ്രയത്നിക്കുന്നത്. ലോകമിന്ന് വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം, സാമ്പത്തിക മാന്ദ്യം, തീവ്രവാദം,വർഗീയവാദം കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ബുദ്ധൻ നമുക്ക് പറഞ്ഞ് തരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ ചില രാജ്യങ്ങൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന അവസാനിപ്പിച്ച് സ്വാർത്ഥരായി. അത് മൂലമാണ് നാമിന്ന് കാലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നത് എന്ന് വികസിത രാജ്യങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളോളം അവർ പ്രകൃതിയെ ചൂഷണം ചെയ്തു, വരും തലമുറകളെക്കുറിച്ച് അവരന്ന് ഓർത്തില്ല.
ഭാവിയുടെയും നിലനിൽപ്പിന്റെയും പാതയാണ് ശ്രീബുദ്ധൻ നമുക്ക് മുന്നിൽ തുറന്നുകാണിച്ചു തന്നത്. അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരുന്നെങ്കിൽ ലോകത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു.
ബുദ്ധന്റെ തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകളും രാജ്യങ്ങളും തങ്ങളുടെ താൽപ്പര്യങ്ങൾക്കൊപ്പം ആഗോള താൽപ്പര്യങ്ങൾക്കും മുൻഗണന നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുരാതന ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. സന്തുഷ്ടവും സുസ്ഥിരവുമായ ഒരു ലോകത്തിലേക്കുള്ള യാത്രയാണിത്. വിശാലമായ ലോകത്തേക്ക് നീങ്ങാൻ ഇത് ആവശ്യമാണ്, ദരിദ്രരെയും വിഭവങ്ങളില്ലാത്ത രാജ്യങ്ങളെയും കുറിച്ച് ലോകം ചിന്തിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post