ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ തലവനെ തട്ടിക്കൊണ്ടു പോയതായി പരാതി. പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർട്ടി നേതാവ് അത്തൗർ റഹ്‌മാനെയാണ് തട്ടിക്കൊണ്ട് പോയത്. അതേസമയം വ്യാഴാഴ്ച രാവിലെ റഹ്‌മാനെ ലാഹോറിൽ നിന്നും കണ്ടെത്തി.
ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെയും പോലീസിന്റെയും രഹസ്യാന്വേഷണ ഏജൻസിയുടെയും സംയുക്ത സംഘമാണ് ഇതിന് പിന്നിൽ എന്നാണ് ആരോപണം. ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച് ഇമ്രാൻ ഖാൻ തന്നെയാണ് രംഗത്ത് എത്തിയത്. പാകിസ്താൻ സൈന്യത്തിനും മേധാവി അസിം മുനീറിനുമെതിരെ പ്രചാരണം നടത്തുന്നവരെ നിലവിൽ ഫെഡറൽ ഏജൻസി ഉൾപ്പെടുന്ന സംയുക്ത സംഘം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. ഇതിനിടെയാണ് അത്തൗർ റഹ്‌മാനെ കാണാതായത്. സൈനിക മേധാവിയ്ക്കും ഭരണപക്ഷത്തിനുമെതിരെ റഹ്‌മാനും നിരന്തരം പ്രചാരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് തട്ടിക്കൊണ്ട് പോയത് എന്നാണ് ഇമ്രാൻ ഖാന്റെ വാദം. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ചയും ഇമ്രാൻ ഖാന്റെ സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സംഘത്തിലെ അംഗത്തെ കാണാതായിരുന്നു. വഖാസ് അജ്മദിനെയാണ് കാണാതായത്. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ ക്രൂരമായി പീഡിപ്പിച്ചത് വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചിരുന്നു.
Discussion about this post