ശ്രീനഗർ: പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം. നിയന്ത്രണ രേഖയ്ക്ക് പുറമേ അന്താരാഷ്ട്ര അതിർത്തികൾക്ക് സമീപവും ശക്തമായ നിരീക്ഷണവും ജാഗ്രതയും തുടരാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ട് ഇനിയും ഭീകരർ അതിർത്തി കടന്ന് എത്താൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പഴുതടച്ചുള്ള സുരക്ഷ ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഷോപിയാൻ, കുപ്വാര, ഉറി സെക്ടറിൽ കൂടുതൽ സൈനികർ വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ ഭീകരർ സമീപഗ്രാമങ്ങളിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവരെ പിടികൂടാനായുള്ള ഊർജ്ജിത തിരച്ചിൽ പുരോഗമിക്കുകയാണ്. മെന്തർ സബ് ഡിവിഷന് കീഴിലുള്ള ഗ്രാമങ്ങളിലാണ് തിരച്ചിൽ. ഇതിന് പുറമേ ഭാട്ട ദുരിയൻ, നാർ ഫോറസ്റ്റ്, സഞ്ചിയോട്ടെ, കോട്ടാൻ എന്നീ ഗ്രാമങ്ങളിലും സൈനികർ വിന്യസിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ ഭിംബെർ ഗാലി- ഭാട്ട ധുരിയൻ ദേശീയപാത വഴിയുള്ള ഗതാഗതത്തിന് വിലക്കേർപ്പെടുത്തി. ഇതുവഴിയുളള വാഹനങ്ങൾ സുരക്ഷാ സേന നിർദ്ദേശിക്കുന്ന വഴിയിലൂടെ മാത്രമേ കടന്നു പോകാവൂ. വാഹന പരിശോധനയും ശക്തമായി പുരോഗമിക്കുകയാണ്.











