ന്യൂഡൽഹി: ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപ്പറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ കെഎസ്ആർടിസി പറയുന്നു.
140 കിലോമീറ്ററിന് മുകളിൽ സര്‍വീസിന് പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടെന്ന് ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടർ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി കിട്ടാൻ അവകാശമില്ലെന്നാണ് കെഎസ്ആർടിയുടെ വാദം.
ഡിവിഷൻ ബെഞ്ച് ഉത്തരവ് കോർപ്പറേഷൻറെ അവകാശത്തെ ഇല്ലാതാക്കുന്നു. മുൻക്കാല ഉത്തരവുകൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണ്. സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആർടിസി ഹർജിയിൽ പറയുന്നു. പൊതുതാത്പര്യം കണക്കിലെടുത്ത് ദീർഘദൂര സർവീസുകൾ നടത്താനുള്ള അധികാരം തങ്ങളുടേത് മാത്രമാണെന്നും അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post