ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിവയ്പ് നടത്തിയ അഭിഭാഷകൻ പിടിയിൽ. അഭിഭാഷകനായ കാമേശ്വർ പ്രസാദ് സിംഗിനെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബാർ കൗൺസിൽ ഡീബാർ ചെയ്ത അഭിഭാഷകനാണ് കാമേശ്വർ പ്രസാദ് സിംഗ്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഹാജരായ രാധ എന്ന യുവതിക്ക് വയറിൽ രണ്ടുതവണയും കൈയിലുമാണ് വെടിയേറ്റത്. പരിക്കേറ്റ യുവതിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
രണ്ട് തവണ വെടിയേറ്റതിന് പിന്നാലെ സ്ത്രീ പടികൾ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, അക്രമി പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിർത്തു. തുടർന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പിൽനിന്ന് ഓടുകയായിരുന്നു. നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. വെടിയേറ്റ യുവതിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 24ന് ഡൽഹി രോഹിണി കോടതിയിൽ അഭിഭാഷകരെന്ന വ്യാജേന രണ്ട് വെടിവെപ്പുകാർ വെടിയുതിർത്തിരുന്നു. അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമികളെ പോലീസ് വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും രോഹിണി കോടതിയിൽ സമാനമായ രീതിയിൽ രോഹിണി കോടതിയിൽ വെടിവയ്പ്പ് നടന്നിരുന്നു.
Discussion about this post