മലപ്പുറം: എടവണ്ണയിൽ കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസി(29)ലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവാവിനെ കാണാതാകുന്നത്. രാത്രി ഏറെ വൈകിയും തിരികെയെത്താതെ വന്നതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവാവിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. തലയുടെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് മുറിവുകൾ ഉള്ളത്. വസ്ത്രത്തിൽ ചോരപ്പാടുകളുമുണ്ട്. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിയത്. ഇയാൾക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മൃതദേഹം കണ്ട സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് എടവണ്ണ, വണ്ടൂർ, നിലമ്പൂർ സ്റ്റേഷനുകളിലെ സിഐമാരും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.








