കൊച്ചി : വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണ്. കന്നി യാത്രയിൽ തന്നെ ട്രെയിൻ വൃത്തികേടാക്കിയതിനെതിരെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിമർശനം ശക്തമാകുകയാണ്. തന്റെ അറിവോടെയല്ല ഈ പോസ്റ്ററുകൾ പതിച്ചത് എന്ന വാദവുമായി വി കെ ശ്രീകണ്ഠനും രംഗത്തെത്തിയിരുന്നു. എന്നാൽ എംപി പറയുന്നത് പച്ചക്കള്ളമാണെന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കുന്നത്.ഇത് കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
പോസ്റ്റർ ഒട്ടിക്കുന്നയാൾ ശ്രീകണ്ഠൻ എംപിയുടെ അനുയായിയും അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി കോൺഗ്രസ്സ് വാർഡ് മെമ്പറുമായ സെന്തിൽ അല്ലേ എന്ന് സന്ദീപ് വാര്യർ ചോദിച്ചു. പോസ്റ്റർ ഒട്ടിക്കാൻ വേണ്ടി മാത്രം ഷൊർണൂരിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിൽ നിന്നും ഇയാളെ കൊണ്ടുവന്നിട്ട് ന്യായീകരണം നടത്തുകയാണോ എന്ന് അദ്ദേഹം ആരാഞ്ഞു. എംപി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെനിലെ ജനലിൽ ഒട്ടിച്ചത്. സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ശ്രീകണ്ഠാ ഈ പോസ്റ്റർ ഒട്ടിക്കുന്നയാൾ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി കോൺഗ്രസ്സ് വാർഡ് മെമ്പറുമായ സെന്തിൽ അല്ലേ ?
താൻ സ്വന്തം പോസ്റ്റർ വന്ദേ ഭാരത് ട്രെയിനിൽ ഒട്ടിക്കാൻ അനുയായിയെ ഷോർണൂരിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിൽ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ ?
പോസ്റ്റർ ഒട്ടിക്കുക മാത്രമല്ല ന്യായീകരിക്കാൻ പച്ചക്കള്ളവും പറഞ്ഞിരിക്കുന്നു ശ്രീകണ്ഠൻ . ഉളുപ്പുണ്ടെങ്കിൽ രാജ്യത്തോട് മാപ്പ് പറയുക
Discussion about this post