ഡെറാഡൂൺ: തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ബദ്രിനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നു ക്ഷേത്രത്തിലെ ആദ്യ പൂജ.
പുലർച്ചെ നാല് മണി മുതൽ ആയിരുന്നു ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകാൻ ആരംഭിച്ചത്. ആദ്യ ദിനം തന്നെ ആയിരത്തിലധികം പേർ ക്ഷേത്രത്തിൽ എത്തി. അടുത്ത ദിവസങ്ങളിൽ ഭക്തരുടെ എണ്ണം ഇനിയും ഉയരും. ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിന്റെ സന്ദർശന പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ക്ഷേത്രം ഭാരവാഹികളുടെയും ആയിരക്കണക്കിന് ഭക്തരുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നത്. ധർമാധികാരി, ഹഖാകുധാരി എന്നിവരും ക്ഷേത്ര ബദ്രിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു. എല്ലാവർക്കും നല്ലൊരു തീർത്ഥാടനം ആശംസിക്കുന്നതായി മുഖ്യ പുരോഹിതൻ വി.സി ഈശ്വർ പ്രസാദ് നമ്പൂതിരി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആദ്യ പൂജ ചെയ്താണ് ഈ വർഷത്തെ ബദ്രിനാഥ് തീർത്ഥാടനത്തിന് തുടക്കമാകുന്നത്. 15 ക്വിന്റൽ പൂക്കൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ആശംസകൾ അറിയിച്ചു.
Discussion about this post