ന്യൂഡൽൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭക്ഷയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തിവിഷയങ്ങളിലും തുറന്ന ചർച്ചകൾ നടന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു. അതിർത്തിയിൽ സമാധാനവും സുതാര്യതയും നിലനിർത്തേണ്ടത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മുന്നോട്ടുപോകാൻ ആവശ്യമാണെന്നും രാജ്‌നാഥ് സിങ് പ്രസ്താവനയിൽ പിന്നീട് വ്യക്തമാക്കി.
യഥാർത്ഥ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെല്ലാം നിലവിലെ ഉഭയകക്ഷി ധാരണകളും ഉറപ്പും അനുസരിച്ച് പരിഹരിക്കപ്പെടണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. നിലവിലെ കരാറുകളിൽ നിന്ന് വ്യതിചലിച്ചതാണ് ഇരുരാജ്യങ്ങളുടെയും അതിർത്തി വിഷയങ്ങളിലെയും ഉഭയകക്ഷി ബന്ധത്തിലെയും പുരോഗതി മന്ദഗതിയിലാക്കാൻ കാരണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധമന്ത്രി ഡൽഹിയിൽ എത്തിയത്. കേന്ദ്ര പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്തുന്നത്.
ഇരുരാജ്യങ്ങളുടെയും പതിനെട്ടാം റൗണ്ട് കമാൻഡർ തല ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. യോഗത്തിനായി ഡൽഹിയിലെത്തിയ കസാഖ്സ്ഥാൻ, തജികിസ്ഥാൻ, ഇറാൻ പ്രതിരോധമന്ത്രിമാരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post