തിരുവനന്തപുരം; സിനിമാ മേഖലയിൽ മാരകമായ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ പോലീസും എക്‌സൈസും ശേഖരിച്ചതായി വിവരം. പ്രമുഖ നടീനടന്മാരടക്കം പത്തോളം പേരുടെ പേര് വിവരങ്ങളാണ് ശേഖരിച്ചത്. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാനാവുന്നില്ലെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത് സിനിമാ മേഖലയിൽ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതാണ് ലഹരിക്കടിമകളെ വലയിലാക്കാൻ സാധിക്കാത്തതിന് കാരണം.
ലഹരിക്കടത്തിൽ പിടിയിലാകുന്നവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് ലഹരിക്കടിമകളായ നടീനടന്മാരുടെ വിവരങ്ങൾ ലഭിച്ചത്. പ്രധാനമായും എറണാകുളം ജില്ലയിൽ താമസമാക്കിയവരാണ് രാസലഹരി ഉപയോഗത്തിന് മുൻപന്തിയിലുള്ളവർ.
യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന് കൈമാറുമെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കിയിരുന്നു. തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.
അതേസമയം സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് പരിമിതികളുണ്ടെന്നാണ് പോലീസും എക്‌സൈസും പറയുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കിൽ പ്രതിഷേധം ഉയരും. റെയ്ഡ് നടത്തുമ്പോൾ ഷൂട്ടിങ് തടസപ്പെടാം. കേസെടുത്താൽ സിനിമാ സെറ്റുകളിൽ ഉള്ളവർ കോടതിയിൽ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും. സിനിമയിലുള്ളവർ തന്നെ മുൻകൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജൻസികൾക്ക് ഉടൻ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post