തൃശൂർ പൂരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ചടങ്ങാണ് കുടമാറ്റം. ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. കുടമാറ്റം കാണുന്നതിന് മാത്രമായാണ് പലരും ദൂരദേശങ്ങളിൽ നിന്നും പൂരത്തിനായി എത്തുന്നത്.
ഓരോ വർഷവും പുതിയ കുടകളും ആശയങ്ങളും ഇരു വിഭാഗവും പരീക്ഷിക്കുന്നു. ഓരോ കുടയും മൂന്നു വട്ടം വീതമാണ് ഉയർത്തിക്കാണിക്കുക. ശേഷം, വെഞ്ചാമരവും ആലവട്ടവും ഉയർത്തും. തിടമ്പേറ്റിയ ആനക്ക് പ്രത്യേകം കുടയായിരിക്കും ഉണ്ടാകുക.
കുടമാറ്റത്തിന്റെ ഇത്തവണത്തെ പ്രധാന ആകർഷണം പാറമേക്കാവ് വിഭാഗത്തിന്റെ രാമച്ച ഗണപതിയാണ്. അഞ്ചടി ഉയരത്തിൽ രാമച്ചത്തിൽ തീർത്ത ഗണപതിയുടെ രൂപവുമായി ഉയരുന്ന കുടകൾ കൗതുകം വിടർത്തുമെന്നതിൽ സംശയം വേണ്ട.
പൂരം അടുക്കുംതോറും സ്പെഷല്‍ കുടകളുടെ രഹസ്യം ദേശക്കാര്‍ പുറത്തുവിടും. പാറമേക്കാവ് ദേവസ്വം ഒരുക്കിയ സ്പെഷല്‍ കുടയാണ് രാമച്ച ഗണപതി. കര്‍ണാടക ബൈന്ദൂരിലെ മലയാളി ദമ്പതികളായ ഗോപാലകൃഷ്ണനും സിന്ദുവുമാണ് ഇതു നിര്‍മിച്ചത്. കുടമാറ്റം നടക്കുമ്പോള്‍ കാഴ്ച മാത്രമല്ല രാമച്ച സുഗന്ധവും ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പുതുമ. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്.
മത്സരബുദ്ധിയോടെയാണ് ഇരു വിഭാഗക്കാരും കുടമാറ്റം അവതരിപ്പിക്കുന്നത്. കൃഷ്ണരൂപത്തോട് കൂടിയ കുടകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുടമാറ്റത്തിന്റെ അവസാനം ചെറിയ രീതിയിലുള്ള വെടിക്കെട്ടുണ്ടാകും .പകൽപ്പൂരത്തിന്റെ അവസാന ചടങ്ങു കൂടിയാണ് കുടമാറ്റം.
Discussion about this post