മുംബൈ: നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി. വർഷങ്ങളായി തുടർന്ന വിചാരണയ്‌ക്കൊടുവിലാണ് സൂരജ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. 2013 ലായിരുന്നു 25 കാരിയായ ജിയാ ഖാൻ ആത്മഹത്യ ചെയ്തത്.
സിബിഐ പ്രത്യേക കോടതിയിലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ. വിചാരണ വേളയിൽ സൂരജ് കുറ്റം ചെയ്തതായി വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ ജിയയുടെ അഭിഭാഷകന് കഴിഞ്ഞില്ല. ഇത് മാത്രമല്ല സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും ജഡ്ജ് എ.എസ് സയ്യിദ് നിരീക്ഷിച്ചു. ഇതോടെയായിരുന്നു സൂരജിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടത്.
മുംബൈയിലെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു ജിയ. മുറിയിൽ നിന്നും കണ്ടെത്തിയ ജിയയുടെ ആത്മഹത്യാക്കുറിപ്പിൽ സൂരജിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു സൂരജിനെ കേസിൽ പ്രതിയാക്കിയത്. സൂരജിൽ നിന്നും കൊടിയ മാനസിക ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണം എന്നുമായിരുന്നു ജിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. ഇതിന് പുറമേ ജിയയെ കൊന്നതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്ത് വന്നിരുന്നു.
Discussion about this post