ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ പൊട്ടിത്തെറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരുവശത്ത് ലോകം പ്രധാനമന്ത്രിയെ ആദരിക്കുമ്പോൾ മറുവശത്ത് കോൺഗ്രസ് അദ്ദേഹത്തെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച് ആശ്വാസം കൊള്ളുന്നുവെന്ന് അമിത് ഷാ പരിഹസിച്ചു. കർണാടകയിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
ലോകം പ്രധാനമന്ത്രി മോദിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തെ അധിക്ഷേപിക്കുന്നു. മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്നാണ് സംബോധന ചെയ്തത്. അവർ എത്രത്തോളം അദ്ദേഹത്തെ അധിക്ഷേപിക്കുന്നുവോ, അത്രത്തോളം അദ്ദേഹത്തിന്റെ ശോഭയും വർദ്ധിക്കും. പ്രധാനമന്ത്രിയെ അവഹേളിച്ചതുകൊണ്ട് കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് അമിത് ഷാ കർണാടകയിൽ പറഞ്ഞു.
ഒരുവശത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനുകീഴെ കോൺഗ്രസ് പാർട്ടിയും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുകീഴെ ബിജെപിയും. കർണാടകത്തിലെ ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണോ റിവേഴ്സ് ഗിയർ പ്രസ്ഥാനം മതിയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്നും അമിത് ഷാ പറഞ്ഞു.
കർണാടകയിലെ കർഷകർക്ക് വേണ്ടി കോൺഗ്രസ് ഒരിക്കലും ഒന്നും ചെയ്തിട്ടില്ല. എന്നാൽ ബിജെപി എന്തൊക്കെ ചെയ്തു എന്ന് ജനങ്ങൾ തന്നെ എണ്ണിപ്പറയുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവന് മാത്രമേ പാവങ്ങളുടെ വേദന മനസിലാക്കാൻ സാധിക്കൂ. കോൺഗ്രസിന്റെ യുവരാജാവിന് ഒരിക്കലും അതിന് സാധിക്കില്ലെന്നും രാഹുൽ ഗാന്ധിയെ ഉന്നം വെച്ച് അമിത് ഷാ പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് ബിജെപി കർണാടകയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടിയിരുന്നില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ അമിത് ഷാ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിക്കെതിരായ ഖാർഗെയുടെ വിദ്വേഷ പരാമർശം. ‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഖാർഗെയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നതോടെ പരാമർശത്തിൽ ഖാർഗെ മാപ്പ് പറഞ്ഞിരുന്നു.








