ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. വിദ്വേഷ പരാമർശങ്ങളെ പ്രധാനമന്ത്രി അവഗണിക്കലാണ് പതിവ്. മറുപടി തിരഞ്ഞെടുപ്പിലൂടെ ജനങ്ങളാണ് കോൺഗ്രസിന് നൽകാറുള്ളതെന്ന് അണ്ണാമലൈ പറഞ്ഞു.
ഇത്രയൊക്കെ ആയിട്ടും കോൺഗ്രസ് പാഠം പഠിക്കുന്നില്ല. ഖാർഗെയുടെ വിദ്വേഷ പരാമർശത്തിനുള്ള മറുപടി നൽകാൻ പോകുന്നത് കർണാടകയിലെ ജനങ്ങൾ ആയിരിക്കും. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽവികൾ ഇരന്ന് വാങ്ങുകയാണ്. തോൽവി കോൺഗ്രസിന്റെ മുഖത്ത് എഴുതിക്കഴിഞ്ഞുവെന്ന് അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിക്കെതിരായ ഖാർഗെയുടെ വിദ്വേഷ പരാമർശം. ‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ. ഖാർഗെയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നതോടെ പരാമർശത്തിൽ ഖാർഗെ മാപ്പ് പറഞ്ഞിരുന്നു.
Discussion about this post