ഹൈദരാബാദ് : പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഒൻപത് കുട്ടികൾ ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലാണ് സംഭവം. ആന്ധ്രാ പ്രദേശ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എക്‌സാമിനേഷൻ ആണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പുറത്തുവിട്ടത്. രണ്ട് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
10 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 11-ാം ക്ലാസിലെ വിജയം 61 ശതമാനവും 12-ാം ക്ലാസിലേത് 72 ശതമാനവുമാണ്. പരീക്ഷാഫലം വന്ന് 48 മണിക്കൂറുകൾക്കകമാണ് ഒൻപത് കുട്ടികൾ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.
ശ്രീകാകുളം ജില്ലയിൽ ബി തരുൺ (17) എന്ന വിദ്യാർത്ഥി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ദണ്ഡു ഗോപാലപുരം ഗ്രാമത്തിൽ നിന്നുള്ള ഇന്റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് തരുൺ. മിക്ക പേപ്പറുകളിലും പരാജയപ്പെട്ടതിനെത്തുടർന്ന് കുട്ടി നിരാശനായിരുന്നുവെന്നാണ് വിവരം.
വിശാഖപട്ടണം സ്വദേശിയായ 16 കാരിയായ അഖിലശ്രീ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഇന്റർമീഡിയറ്റ് ഒന്നാം വർഷത്തിലെ ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അസ്വസ്ഥയായിരുന്നു.
വിശാഖപട്ടണത്ത് 18കാരനായ മറ്റൊരു വിദ്യാർത്ഥി തൂങ്ങിമരിച്ചു. ഇന്റർമീഡിയറ്റ് രണ്ടാം വർഷത്തിൽ ഒരു വിഷയത്തിൽ തോറ്റിരുന്നു.
ചിറ്റൂർ ജില്ലയിൽ നിന്നുള്ള 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. പെൺകുട്ടി തടാകത്തിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. അതേ ജില്ലയിൽ ഒരു ആൺകുട്ടി കീടനാശിനി കഴിച്ച് മരിച്ചു.
അനകപ്പള്ളി സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്റർമീഡിയറ്റ് ഒന്നാം വർഷത്തിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിലായിരുന്നു വിദ്യാർത്ഥി.
Discussion about this post