ഹൈദരാബാദ്: തെലുങ്ക് താരം സാമന്തയ്ക്കായി ക്ഷേത്രം നിർമ്മിച്ച് ആരാധകൻ. ആന്ധ്രാപ്രദേശ് ബാപ്ട്‌ല സ്വദേശിയായ സന്ദീപ് ആണ് സാമന്തയ്ക്കായി ക്ഷേത്രം നിർമ്മിച്ചത്. നടിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് സന്ദപ് പറഞ്ഞു.
വീടിന് സമീപമായാണ് ചെറിയ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നടിയുടെ ജന്മദിനമായിരുന്ന വെള്ളിയാഴ്ച ക്ഷേത്രത്തിലെ സാമന്തയുടെ വിഗ്രഹം സന്ദീപ് അനാച്ഛാദനം ചെയ്തു. ഇതിന് പുറമേ പ്രദേശവാസികളെ ക്ഷണിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. പാവങ്ങൾക്ക് ഭക്ഷണ വിതരണവും നടത്തി. ചുവന്ന സാരിയും പച്ച ബ്ലൗസുമാണ് സാമന്തയുടെ വിഗ്രഹത്തെ അണിയിച്ചിരിക്കുന്നത്.
വലിയൊരു ക്ഷേത്രം നിർമ്മിക്കാനായിരുന്നു ആഗ്രഹമെന്ന് സന്ദീപ് പറഞ്ഞു. എന്നാൽ സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് ചെറിയ ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. എന്നിരുന്നാലും വലിയ സന്തോഷമുണ്ട്. സ്വന്തം ഫൗണ്ടേഷനിലൂടെ നിരവധി കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയാണ് താരം നടത്തിയത്. എന്നും പാവങ്ങൾക്കൊപ്പം നില കൊണ്ട നടിയാണ് സാമന്ത.
മയോസിറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ താനും ഗ്രാമത്തിലുള്ളവരും നടിയ്ക്കായി പ്രാർത്ഥിച്ചു. സുഖം പ്രാപിച്ചതിൽ എല്ലാവർക്കും സന്തോഷമുണ്ട്. സാമന്തയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. അധികം വൈകാതെ ഇതിന് കഴിയുമെന്നും സന്ദീപ് പറഞ്ഞു.
അതേസമയം അയൽ ഗ്രാമങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ക്ഷേത്രം കാണാൻ സന്ദീപിന്റെ വീട്ടിലേക്ക് എത്തുന്നത്. നിരവധി പേർ വെള്ളിയാഴ്ച നടന്ന പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തു.
Discussion about this post