തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ കുടുംബചടങ്ങിൽ അതിഥിയായി എത്തി നടൻ ഉണ്ണി മുകുന്ദൻ. ദിവ്യയുടെ സഹോദരിയുടെ മകൻ നവനീതിന്റെ ഉപനയനം ചടങ്ങിലാണ് ഉണ്ണി മുകുന്ദൻ അതിഥിയായി എത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
പ്രിയപ്പെട്ട നവനീതിന്റെ ഉപനയന ചടങ്ങ്. എന്റെ സുഹൃത്ത് ദിവ്യ എസ് അയ്യരെയും കണ്ടുമുട്ടിയെന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ അൻപതിനായിരത്തിലധികം ഫോളോവേഴ്‌സാണ് രണ്ട് മണിക്കൂറിനുളളിൽ ചിത്രങ്ങൾ ലൈക്ക് ചെയ്തത്.
ചേല ചുറ്റി പരമ്പരാഗത ബ്രാഹ്മണ വേഷത്തിൽ ദിവ്യയെ ചിത്രത്തിൽ കാണാം. മകൻ മൽഹാറിനെ കൈയ്യിലെടുത്ത് ദിവ്യയ്ക്കും ഭർത്താവ് ശബരീനാഥിനും ഒപ്പമുളള ചിത്രങ്ങളും ദിവ്യയുമായി സൗഹൃദസംഭാഷണം നടത്തുന്നതിന്റെയും സഹോദരിക്കും മകനും ദിവ്യയുടെ കുടുംബാംഗങ്ങൾക്കുമൊപ്പമുളള ചിത്രങ്ങളും ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സ്‌ലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരത്തിന് ദിവ്യ അർഹയായപ്പോഴും ഉണ്ണി മുകുന്ദൻ അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post