മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് പരിപാടി ഏറ്റെടുത്ത് ബോളിവുഡ് താരങ്ങളും. മൻ കി ബാത്തിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നുണ്ടെന്നും അത് അത്ഭുതമാണെന്നും നടി മാധുരി ദീക്ഷിത് പ്രതികരിച്ചു.
ചെറിയ ഗ്രാമങ്ങളിലും ടൗണുകളിലുമൊക്കെ നല്ല പ്രവർത്തനങ്ങൾ നടത്തുന്നവരിലേക്ക് പ്രധാനമന്ത്രി കടന്നുചെല്ലുകയാണ്. അവരുടെ പ്രവർത്തനങ്ങൾ മൻ കി ബാത്തിലൂടെ ലോകത്തിന് മുൻപിലെത്തിക്കുന്നു. അതേക്കുറിച്ച് അറിയാത്തവർക്ക് കൂടി അവരെ പരിചയപ്പെടുത്തുന്നു.
അത്തരം ആളുകളെ നമ്മുടെ എല്ലാ പൗരൻമാരുടെയും മുൻപിൽ നിർത്തുക മാത്രമല്ല ആഗോള തലത്തിൽ അവരുടെ പ്രവൃത്തികൾക്ക് അംഗീകാരം നേടിക്കൊടുക്കുകയും ചെയ്യുന്നു. അത് വലിയ അതിശയമാണ്. നിരവധി ചെറുപ്പക്കാർക്ക് ഇത് പ്രചോദനമാകുമെന്ന കാര്യം തീർച്ചയാണെന്നും മാധുരി ദീക്ഷിത് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയുടെ നൂറാം എപ്പിസോഡ് ശ്രവിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മാധുരി ദീക്ഷിത്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുളള നിരവധി പേർ ഇന്ന് മൻ കി ബാത് ശ്രവിച്ച് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 2014 ഒക്ടോബർ മൂന്നിന് വിജയദശമി ദിനത്തിലാണ് മൻ കി ബാത് ആരംഭിച്ചത്. എല്ലാ മാസവും അവസാന ഞായറിലാണ് പ്രധാനമന്ത്രി റേഡിയോയിലൂടെ രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നത്.
മൻ കി ബാത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ചത് ലക്ഷക്കണക്കിന് കത്തുകളാണെന്നും കഴിയുന്നത്ര കത്തുകൾ വായിക്കാനും അവ കാണാനും സന്ദേശങ്ങൾ മനസ്സിലാക്കാനും ഞാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി നൂറാം എപ്പിസോഡിൽ പറഞ്ഞിരുന്നു.
മൻ കി ബാത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങളാണെന്നും അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. കത്തുകൾ വായിക്കുമ്പോൾ പലപ്പോഴും താൻ വികാരാധീനനായെന്നും തന്റെ ഹൃദയം നിറഞ്ഞുവെന്നും പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്.
Discussion about this post