ആലുവ: കഞ്ചാവ് കടത്ത് കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ 22ാംതിയതി ഒഡീഷയിൽ നിന്ന് ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തടിയിട്ടപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ(56), മകൻ നവീൻ(21), വെങ്ങോല ഒളിയ്ക്കൽ ആൻസ് ടി ജോൺ(22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ്(22) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക്‌ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിന് പിന്നാലെ വിദേശത്തേക്ക് കടന്ന മുഖ്യപ്രതി നവീനെ തന്ത്രപൂർവ്വം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.
പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്ത നാല് കഞ്ചാവ് കേസുകളിൽ പ്രതിയാണ് നവീൻ. മകനെ സംരക്ഷിക്കുകയും, വിദേശത്തേക്ക് കടക്കാൻ സൗകര്യം ചെയ്തതിനുമാണ് നവീന്റെ അച്ഛൻ സാജനെ അറസ്റ്റ് ചെയ്തത്. ഇയാൾ അടുത്ത മാസം 30ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിന് ഒളിത്താവളം ഒരുക്കുകയും വാഹനങ്ങൾ നൽകുകയും ചെയ്തതിനാണ് ആൻസും ബേസിലും പിടിയിലായത്.
Discussion about this post