ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. പോലീസ് കേസെടുത്തതിൽ ഇതുവരെ ആരേയും പ്രതി ചേർത്തിട്ടില്ല. അതേസമയം പ്രദേശത്തെ വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഫാക്ടറിയിൽ നിന്ന് രാസമാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളുകയായിരുന്നു. തുടർന്നാണ് വാതകം രൂപപ്പെട്ടതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ലുധിയാനയിലെ ഗിയസ്പുയിൽ ഇന്നലെയുണ്ടായ അപകടത്തിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കുട്ടികളടക്കം 11 പേരാണ് മരിച്ചത്. മാൻഹോൾ വഴി ഒഴിച്ച രാസമാലിന്യം ഓടയ്ക്കുള്ളിലെ മീഥേനുമായി പ്രവർത്തിച്ച് വിഷവാതകം ഉണ്ടാവുകയായിരുന്നു. യുപി, ബിഹാർ സ്വദേശികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. വ്യവസായ മേഖലയായ ഇവിടെ ജോലി ചെയ്യുന്നവരാണ് എല്ലാവരും. നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ കടയിൽ പാൽ വാങ്ങാൻ എത്തിയ നാല് പേരാണ് ആദ്യം കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചത്. കട നടത്തിയിരുന്ന മൂന്നംഗ കുടുംബവും മരിച്ചു. മരിച്ചവർക്ക് ആർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നില്ല. നാഡീവ്യൂഹത്തെ നേരിട്ട് വിഷവാതകം ബാധിച്ചതോടെയാണ് മരണം സംഭവിച്ചത്.
Discussion about this post