കീവ്: കാളി ദേവിയെ അപമാനിച്ചു കൊണ്ടുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയ ഡിഫൻസ് യു എന്നതിലായിരുന്നു കാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ” പ്രതിരോധ മന്ത്രാലയം കാളി ദേവിയുടെ ചിത്രം വികലമായി ചിത്രീകരിച്ച സംഭവത്തിൽ ഞങ്ങൾ ഖേദം അറിയിക്കുകയാണ്. യുക്രെയ്‌നും ഇവിടുത്തെ ജനങ്ങളും ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നവരാണ്. ഇന്ത്യയുടെ പിന്തുണയെ വളരെയധികം വിലമതിക്കുന്നുണ്ടെന്നും” എമിൻ ധപറോവ പറഞ്ഞു.
ചിത്രം എത്രയും വേഗം തന്നെ നീക്കം ചെയ്തുവെന്നും പരസ്പര ബഹുമാനത്തിന്റേയും സൗഹൃദത്തിന്റേയും പാതയിൽ കൂടി സഞ്ചരിച്ച് സഹകരണം വർദ്ധിപ്പിക്കുമെന്നും ധപറോവ ട്വീറ്റ് ചെയ്തു. ഏപ്രിൽ അവസാനമാണ് ‘ വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്തത്. മെർലിൻ മൺറോയുടെ ഒരു പ്രശ്‌സ്ത ചിത്രത്തെ കാളിദേവിയുടെ മുഖവും മറ്റ് അടയാളങ്ങളും ചേർത്താണ് ചിത്രം വരച്ചത്.
ചിത്രം ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ യുക്രെയ്‌നെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇതൊരു കലാസൃഷ്ടിയല്ലെന്നും, വിശ്വാസങ്ങളെ തമാശയായി കണ്ട് കളിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമുള്ള രീതിയിൽ വലിയ പ്രതികരണങ്ങളാണ് ചിത്രത്തിനെതിരെ ഉയർന്നത്. റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യ യുക്രെയ്‌ന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയിരുന്നു. ഇത് മറന്നാണ് യുക്രെയ്‌ന്റെ നീക്കങ്ങളെന്നും വിമർശനം ഉണ്ടായിരുന്നു.
Discussion about this post