തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അന്നേ കണ്ടെത്തിയിരുന്നെങ്കിൽ പിന്നീട് കേരളത്തിൽ തീവ്രവാദം ഇത്രയും ശക്തമാകുമായിരുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു. മാറാട് അനുസ്മരണ ദിനത്തിൽ കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കി മാറ്റാൻ ഒത്താശ ചെയ്യുന്ന ഇടത് ജിഹാദി സർക്കാരിനെതിരെ ഹിന്ദു ഐക്യവേദി സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം മറന്ന് ആസൂത്രിതമായ അക്രമം നടത്തിയവരിൽ കോൺഗ്രസുകാരും സിപിഎമ്മും ലീഗുകാരും എൻഡിഎഫുകാരും ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരും ചേർന്ന്
മതത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ച് നടത്തിയ ലക്ഷണമൊത്ത ഒരു തീവ്രവാദ ആക്രമണമായിരുന്നു മാറാട് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറാട് കൂട്ടക്കൊലയിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതിന് കൃത്യമായ തെളിവില്ലെന്ന് ആയിരുന്നു അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞത്. പക്ഷെ അതേക്കുറിച്ച് മാറാട് കേസ് അന്വേഷിച്ച കേരള പോലീസോ മറ്റാരെങ്കിലുമോ അന്വേഷിച്ചിരുന്നില്ലെന്ന് ആർവി ബാബു പറഞ്ഞു. എൻഡിഎഫ് പ്രവർത്തകരും മുസ്ലീം ലീഗ് പ്രവർത്തകരും മാറാട് കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും സജീവമായി പങ്കെടുത്തുവെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇവർ മാത്രമല്ല മാറാട് ജുമാ മസ്ജിദിലെ ചില മഹൽ കമ്മിറ്റിക്കാരും സജീവമായി പങ്കെടുത്തിരുന്നതായി പറയുന്നുണ്ട്.
എന്നാൽ മാറാട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് പറയുന്ന ലീഗ് നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാരോ പിണറായി സർക്കാരോ തയ്യാറാകാത്തതെന്ന് ആർവി ബാബു ചോദിച്ചു. ഇവരെ അന്നേ കണ്ടെത്തിയിരുന്നെങ്കിൽ പിന്നീട് കേരളത്തിൽ തീവ്രവാദം ഇത്രയും ശക്തമാകുമായിരുന്നില്ല.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ സമരത്തിൽ 10 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യം മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നതായിരുന്നു. പക്ഷെ സിബിഐ അന്വേഷണത്തെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രതിപക്ഷ നേതാവും ശക്തമായി എതിർത്തു. അതുകൊണ്ടു തന്നെ മാറാട് കൂട്ടക്കൊല നടത്തിയ അക്രമികളെ സംരക്ഷിക്കാൻ നേതൃത്വം കൊടുത്തത് ഇവിടുത്തെ രാഷ്ട്രീയക്കാരാണെന്ന് പറയേണ്ടി വരുമെന്ന് ആർവി ബാബു പറഞ്ഞു.
അന്നേ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ ഒരു സിനിമ പോലും പ്രദർശിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ആ സ്ഥിതിയിലേക്ക് എത്തുമായിരുന്നില്ലെന്നും ആർവി ബാബു കൂട്ടിച്ചേർത്തു.
Discussion about this post