ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം. കർണാടകയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. കർണാടകയിലെ മംഗലൂരുവിലും ഡൽഹിയിലുമുൾപ്പെടെ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയ ബജ്‌റംഗ്ദൾ പ്രവർത്തകർ കോൺഗ്രസിന്റെ പ്രകടനപത്രിക കത്തിച്ചു.
പ്രകടന പത്രികയിലെ പ്രഖ്യാപനം കോൺഗ്രസ് പിൻവലിക്കണമെന്ന് ബജ്‌റംഗ്ദൾ ആവശ്യപ്പെട്ടു. പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. പോപ്പുലർ ഫ്രണ്ടുമായി കൂട്ടിയിണക്കിയാണ് ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത്.
ബജ്‌റംഗ്ദൾ ദേശീയത ജ്വലിപ്പിക്കുന്ന പ്രസ്ഥാനമാണെന്നും രാജ്യത്തിന് അഭിമാനമാണെന്നും കോൺഗ്രസ് അതിനെ പോപ്പുലർ ഫ്രണ്ടുമായിട്ടാണ് താരതമ്യം ചെയ്തതെന്നും വിഎച്ച്പി വക്താവ് വിജയ് ശങ്കർ തിവാരി ചൂണ്ടിക്കാട്ടി. ഇതിലൂടെ കോൺഗ്രസ് സ്വയം അതിന്റെ ചിതയൊരുക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഒരിക്കൽ കൂടി ഹിന്ദു വിരുദ്ധ നിലപാട് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും വിജയ് ശങ്കർ തിവാരി ചൂണ്ടിക്കാട്ടി.
പ്രഖ്യാപനം കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബജ്‌റംഗ്ദൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രഖ്യാപനം ഒരു വെല്ലുവിളിയാണെന്നും ജനാധിപത്യ രീതിയിലൂടെ മറുപടി നൽകുമെന്നും വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ പറഞ്ഞു.
ബജ്‌റംഗ്ദളിന്റെ ഓരോ പ്രവർത്തകനും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും സമൂഹത്തിന് വേണ്ടി സേവനം ചെയ്യാനുമാണ് പ്രവർത്തിക്കുന്നത്. പക്ഷെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ ലോകത്തിനും അറിവുളളതാണെന്നും സുരേന്ദ്ര ജെയ്ൻ ചൂണ്ടിക്കാട്ടി.
Discussion about this post