ന്യൂഡൽഹി: ഡൽഹിയിലെ വിഐപി സോണിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കസ്തൂർബാ ഗാന്ധി മാർഗിലാണ് സംഭവം. പാഞ്ഞെത്തിയ കാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ദീപാൻഷു വർമ്മ(30)യാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെയാൾ കാറിന്റെ മുകളിലേക്കാണ് ചെന്ന് വീണത്. ഇയാളുമായി മൂന്ന് കിലോമീറ്ററോളം ദൂരമാണ് കാർ സഞ്ചരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
ദീപാൻഷുവിന്റെ ബന്ധുവാണ് പരിക്കേറ്റ യുവാവ്. അപകടമുണ്ടായതിന് പിന്നാലെ കാർ നിർത്താതെ പോവുകയായിരുന്നു. കാറിന് മുകളിൽ ബൈക്കിൽ നിന്ന് ഒരാൾ തെറിച്ച് വീണതറിഞ്ഞിട്ടും ഡ്രൈവർ നിർത്താൻ കൂട്ടാക്കാതെ മുന്നോട്ട് പോവുകയായിരുന്നു. കാറിന്റെ പിന്നാലെ മറ്റ് വാഹനങ്ങൾ നിർത്താൻ ആവശ്യപ്പെട്ട് ചെന്നിട്ടും ഇയാൾ നിർത്താൻ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മൂന്ന് കിലോമീറ്ററോളം ദൂരം ഓടിച്ച ശേഷം പ്രതികൾ കാർ വഴിയരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പരിക്കേറ്റ യുവാവിന്റെ നിലയും ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടമുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post