അബുദാബി: അബുദാബിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാനിരുന്ന വാർഷിക ഇൻവെസ്റ്റ്‌മെൻറ് മീറ്റിംഗിന് വേണ്ടി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ. ഇൻവെസ്റ്റ്‌മെൻറ് മീറ്റിങ്ങിന്റെ ഗോൾഡൻ സ്‌പോൺസറാണ് കേരള സർക്കാർ. മീറ്റിംഗിൽ കേരളത്തിന്റെ പേരിൽ ഒരു മണിക്കൂർ സമയം നിക്ഷേപക സംഗമവും നടത്തുന്നുണ്ട്.
അബുദാബി ആനുവൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റിംഗിൻറെ വെബ്‌സൈറ്റിലാണ് കേരള സർക്കാർ നിക്ഷേപകസംഗമത്തിന്റെ പ്രധാന സ്‌പോൺസറാണെന്ന് വ്യക്തമാക്കുന്നത്. ഒന്നേകാൽ കോടിയോളം രൂപ നൽകുന്നവരെയാണ് ഗോൾഡൻ സ്‌പോൺസർമാരായി പറയുന്നത്. അത്തരത്തിൽ ചടങ്ങിനാകെയുള്ളത് രണ്ട് ഗോൾഡൻ സ്‌പോൺസർമാരാണ്. അതിലൊന്ന് കേരളമാണ്,
ഗോൾഡൻ സ്‌പോൺസർഷിപ്പ് ഉള്ളവർക്ക് നിക്ഷേപകസംഗമത്തിന്റെ ഏതെങ്കിലും ഒരു സെഷനിൽ സംസാരിക്കാൻ അവസരവും ഉദ്ഘാടന ചടങ്ങിൽ രണ്ട് വിഐപി സീറ്റുമാണ് ലഭിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് നിക്ഷേപകസംഗമത്തിലെ ഔദ്യോഗിക പ്രാസംഗികരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗോൾഡൻ സ്‌പോൺസർമാർക്ക് സംഘാടകർ പ്രത്യേക പുരസ്‌കാരവും നൽകും. സംഗമത്തിൻറെ ഭാഗമായ ഗാല ഡിന്നറിൽ പത്ത് പേർക്ക് ഇരിക്കാവുന്ന വിഐപി ടേബിളും കേരളം എടുത്തിട്ടുള്ള ഗോൾഡൻ സ്‌പോൺസർഷിപ്പ് പാക്കേജിൻറെ ഭാഗമാണ്.
Discussion about this post