ചെന്നൈ : സുധിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി നാളെ റിലീസാകാനിരിക്കെ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ. തമിഴ്‌നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു. തിയേറ്ററിൽ റിലീസ് ചെയ്താൽ പ്രതിഷേധിക്കുമെന്നും എസ്ഡിപിഐ നേതാവ് പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ കേരള സ്റ്റോറി പ്രതിസന്ധിയിലാക്കും. മുസ്ലീം സമുദായത്തിനെതിരെയുള്ള നുണ കഥകളാണ് സിനിമയിലുള്ളത്. തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ഭീതി ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. വർഗീയ വിദ്വേഷവും മത സംഘർഷവും ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമാണ് ഇവരുടെ ശ്രമമെന്നും മുബാറക് ആരോപിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകരുത്. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ് ഇവർ ചെയ്യുന്നത്. അതിനാൽ ഇത്തരം രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകൾ നിരോധിക്കണമെന്ന് മുബാറക് ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിച്ചാൽ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ നേതാവ് അറിയിച്ചു.
Discussion about this post