ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സിപിഎം. ബിബിൻ സി ബാബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് നടപടി. മർദ്ദനം, പരസ്ത്രീബന്ധം, ആഭിചാരക്രിയ എന്നീ കാര്യങ്ങളാണ് ഭാര്യ പരാതിയിൽ ആരോപിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സി പി എം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടി സ്വീകരിച്ചത്. ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സി പി എം കായംകുളം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ് ബിപിന്റെ ഭാര്യ മിനിസ. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മിനിസ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്.
ഗാർഹിക പീഡനം അടക്കമുള്ള പരാതികൾ ജില്ലാ നേതൃത്വം നടപടി എടുക്കാതെ പൂഴ്ത്തി വച്ചിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതിനെതിരെ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഗാർഹികപീഡനം നടന്നിട്ടുണ്ടെങ്കിൽ നടപടി വേണമെന്നു എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. 19 അംഗ ഏരിയ കമ്മിറ്റിയിൽ 13 പേർ നടപടിയെ അനുകൂലിച്ചു. രാവിലെ 11ന് ചേർന്ന കായംകുളം ഏരിയ കമ്മിറ്റി യോഗം വൈകിട്ട് ഏഴു മണിക്കാണ് അവസാനിച്ചത്.












