എറണാകുളം: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയ്‌ക്കെതിരായ ഹർജികളിൽ നിർണായക പരാമർശങ്ങളുമായി ഹൈക്കോടതി. ഹർജിയിൽ ആരോപിക്കുന്ന തരത്തിലൊന്നും ട്രെയിലറിൽ കാണാൻ സാധിച്ചില്ല. സിനിമ ഇസ്ലാമിനല്ലല്ലോ, ഇസ്ലാമിക് സ്‌റ്റേറ്റിനെതിരല്ലേയെന്നും കോടതി ചോദിച്ചു. ചിത്രത്തിന്റെ ട്രെയിലറും ടീസറും പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
നിർമ്മാല്യം എന്ന സിനിമയെ സ്വീകരിച്ച മതേതര സമൂഹം ദി കേരള സ്‌റ്റോറിയും സ്വീകരിക്കും. സിനിമയുടെ ട്രെയിലർ സമൂഹത്തിനെതിരല്ല. ചിത്രം തികച്ചും സാങ്കൽപ്പികമാണ്. ഇസ്ലാം മതത്തിനെതിരെ ട്രെയിലറിൽ പരാമർശമില്ല. അള്ളാഹു ഏക ദൈവമാണെന്ന് ചിത്രത്തിൽ പറയുന്നുണ്ട്. ഇതിൽ എന്താണ് തെറ്റുള്ളതെന്നും കോടതി ചോദിച്ചു.
നിയമാനുസൃത സംവിധാനം സിനിമ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രം പ്രദർശിപ്പിക്കുന്നത് ഹർജിക്കാർ ആരോപിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കില്ല. മതേതര കേരളീയ സമൂഹം ചിത്രം സ്വീകരിച്ചോളും. നവംബറിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം ആരോപണം വരുന്നതിന് പിന്നിലെ ഉദ്ദേശം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ട്രെയിലറിൽ കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പല ചിത്രങ്ങളിലും ഹിന്ദു-ക്രിസ്ത്യൻവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രശ്‌നം ഉണ്ടായിട്ടില്ല. അന്നെല്ലാം സിനിമയെ സിനിമയായി കണ്ടു. എന്നാൽ ദി കേരള സ്‌റ്റോറി വർഗ്ഗീയതയുണ്ടാക്കുന്നതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
അതേസമയം സിനിമ ആളുകളുടെ മനസ്സിൽ വിഷം കുത്തിനിറയ്ക്കുന്നതാണെന്ന് ഹർജിക്കാർ വാദിച്ചു. കേരളത്തിൽ ലൗജിഹാദ് നടന്നതിന് തെളിവില്ല. എന്നിട്ടും കേരളത്തിലേതെന്ന പേരിൽ സിനിമയിൽ ഇതേക്കുറിച്ച് അവതരിപ്പിക്കുന്നത് ശരിയല്ലെന്നും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു.
Discussion about this post