മകന്റെ സ്‌കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത അമ്മയും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൽ നാസർ (32) എന്നിവരെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഫീസയുടെ മകൻ മുഹമ്മദ് ഷഫീഖ് ആണ് പരാതിക്കാരൻ. നഫീസയുടെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ മാറി വാടക ക്വാർട്ടേഴ്‌സിലാണ് മുഹമ്മദ് ഷഫീഖ് താമസിക്കുന്നത്.
ഇവിടെ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ ഈ മാസം ഒന്നാം തിയതി പുലർച്ചെയാണ് ക്വട്ടേഷൻ സംഘം കത്തിച്ച് കളയുന്നത്. നഫീസയ്ക്ക് മകനുമായി ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതിലുള്ള വിരോധം കാരണമാണ് സ്‌കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് മേലാറ്റൂർ സി.ഐ.കെ.ആർ.രഞ്ജിത്ത് പറഞ്ഞു.
ക്വട്ടേഷൻ സംഘാംഗങ്ങളായ അബ്ദുൾ നാസർ, കാജാ ഹുസൈൻ എന്നിവർ മലപ്പുറം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പെട്ടവരാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post