കൊച്ചി: മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണെന്നും കേരളത്തിൽ മതത്തിന്റെ പേരിൽ അതിനെ മാർക്കറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ജസ്റ്റിൻ ജോർജ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിൽ ഐസിസിനെ വിമർശിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്നതിൽ അസഹിഷ്ണുക്കൾ ആയവർ മണിപ്പൂരിൽ ക്രിസ്ത്യാനിയെ സംഘപരിവാർ തല്ലികൊല്ലുന്നേ, 41 ശതമാനം ഉള്ള മണിപ്പൂരിലെ ക്രൈസ്തവരുടെ അവസ്ഥ ഇതാണെങ്കിൽ 18 ശതമാനം മാത്രം ഉള്ള കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ എന്താകും എന്ന രീതിയിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിൻ ജോർജ് ചൂണ്ടിക്കാണിക്കുന്നു.
മണിപ്പൂരിലെ ജനതയിൽ ഏകദേശം 41 ശതമാനം വീതം ഹൈന്ദവരും ക്രൈസ്തവരുമാണ്, 8 ശതമാനത്തോളം മുസ്ലിങ്ങളും ഉണ്ട്. ക്രിസ്ത്യാനികളിൽ ബഹു ഭൂരിപക്ഷവും നാഗ, കുക്കി എന്ന ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മെയ്‌തേയി ഗോത്ര വിഭാഗത്തിൽ പ്രധാനമായും ഉള്ളത് ഹൈന്ദവരും മുസ്ലിങ്ങളുമാണ്. മതഭേദമന്യേ നാഗ, കുക്കി ഗോത്ര വിഭാഗക്കാരെ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിന്റെ 90 ശതമാനം ഭൂപ്രദേശവും മലനിരകളാണ്. നാഗ, കുക്കി ട്രൈബുകൾ താമസിക്കുന്നത് അവിടെയാണ്. താഴ്വരയിലെ 10 ശതമാനം പ്രദേശത്താണ് മെയ്തോയി വിഭാഗക്കാർ താമസിക്കുന്നത്. ഷെഡ്യൂൾഡ് ട്രൈബൽ സ്റ്റാറ്റസ് ഉള്ളവരുടെ പ്രദേശത്ത് പുറത്ത് നിന്നുള്ളവർക്ക് ഭൂമി വാങ്ങി താമസിക്കാൻ സാധിക്കില്ല എന്നതിനാൽ നാഗ, കുക്കി പ്രദേശത്തേക്ക് പുറമെ നിന്ന് കുടിയേറ്റം ഉണ്ടാകുന്നില്ല.
മെയ്തോയികളുടെ പ്രദേശത്തേക്ക് അനധികൃത കുടിയേറ്റം ഉണ്ടാകുന്നതിനാൽ സത്വം നഷ്ടപ്പെടുന്നു എന്നതിനാൽ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുകയും മണിപ്പൂർ ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. മണിപ്പൂർ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചു മണിപ്പൂർ സർക്കാർ മെയ്തോയി ഗോത്രത്തെ കൂടി ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തണം എന്ന നിർദ്ദേശം കേന്ദ്ര സർക്കാരിന് കൊടുത്തതാണ് ഇപ്പോളത്തെ പ്രശ്‌ന കാരണം.
മെയ്തോയി വിഭാഗത്തെ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തുന്നതിന് എതിരെ ട്രൈബൽ സ്റ്റുഡന്റസ് യൂണിയൻ നടത്തിയ സോളിഡാരിറ്റി മാർച്ചിനോട് അനുബന്ധിച്ചു നടത്തിയ അക്രമ സംഭവങ്ങളാണ് കേന്ദ്രസേന പോലും ഇടപെടേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.
നാഗ, കുക്കി വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ക്രൈസ്തവർ ആണെങ്കിലും ഗോത്രീയമായ കാരണങ്ങളാൽ നടക്കുന്ന കലാപം കേരളത്തിൽ മതത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യപ്പെടുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. പ്രൊപ്പഗാണ്ട ഫാക്ടറികൾ ഇറക്കി വിടുന്ന ക്യാപ്‌സ്യൂളുകൾ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ അടിമകളായ ക്രിസ്ത്യാനികൾ സ്വന്തം കാലിൽ തന്നെയാണ് വെടി വെക്കുന്നത് എന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും ജസ്റ്റിൻ ജോർജ് തന്റെ കുറിപ്പിൽ പറയുന്നു.
Discussion about this post