ഹൈദരാബാദ്: ഇസ്ലാമിക ഭീകരവാദം പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറിയ്‌ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. നുണകളും കുപ്രചാരണങ്ങളും മാത്രമാണ് സിനിമയിൽ ഉള്ളതെന്ന് ഒവൈസി പറഞ്ഞു. സിനിമയെ പ്രശംസിച്ച പ്രധാനമന്ത്രിയെ ഒവൈസി വിമർശിച്ചു.
നുണകളും കുപ്രചാരണങ്ങളും കൊണ്ട് കെട്ടിപ്പടുത്തതാണ് ദി കേരള സ്റ്റോറി എന്ന സിനിമ. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ ഈ സിനിമയുടെ റിലീസ് നടത്തുന്നത് വിവാദങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. രാഷ്ട്രീയ നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി തന്നെ സിനിമയെ പ്രശംസിച്ചത് ശരിയായില്ല. രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നമുക്ക് അഞ്ച് സൈനികരെയാണ് നഷ്ടമായത്. ആ നേരത്താണ് സിനിമയിലൂടെ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
അതേസമയം ദി കേരള സ്റ്റോറിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 7.5 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോർട്ടകൾ. വരും ദിവസങ്ങളിൽ കൂടുതൽ സ്വീകാര്യത ചിത്രത്തിന് ലഭിക്കുമെന്നാണ് സൂചനകൾ.
Discussion about this post