തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിന് പിന്നാലെ സിനിമാ സെറ്റിൽ പരിശോധന നടത്താനുളള പോലീസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. സിനിമാ സെറ്റുകളിലെ പരിശോധന സന്തോഷമുള്ള കാര്യമാണ്. ഇത് നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ വ്യക്തമാക്കി.
സിനിമാ സെറ്റുകളിൽ പരിശോധന നടത്താനുള്ള പോലീസിന്റെ തീരുമാനം സ്വാഗതാർഹം. തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് തന്നെ പരിശോധനയും നടപടിയും ആവശ്യമായിരുന്നു. ഇപ്പോൾ വൈകി. ഇനിയും ഇത് വച്ചുപൊറുപ്പിക്കുക എന്നത് അസാദ്ധ്യമാണ്. കുറച്ച് പേരുടെ പ്രവൃത്തികൾ കാരണം എല്ലാവരും പഴി കേൾക്കുന്നു. അവരെ മാറ്റി നിർത്തും. അങ്ങനെയുള്ളവർ സഹകരിക്കേണ്ട. അവർ വീട്ടിൽ തന്നെയിരിക്കട്ടെ. വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ പോലീസിന് കൈമാറുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
ആരെല്ലാമാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് നിർമ്മാതാക്കൾക്ക് അറിയാം. എന്നാൽ തത്കാലത്തേക്ക് ഈ പേരുകൾ പോലീസിന് നൽകുന്നില്ല. ഇവർക്കെല്ലാം ആരാണ് ലഹരി നൽകുന്നത് എന്ന കാര്യവും അറിയാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ നൽകിയില്ലെങ്കിലും പോലീസിന് എല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ആണ് സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് അറിയിച്ചത്. ഇതിന്റെ ഭാഗമായി സെറ്റുകളിൽ ഷാഡോ പോലീസിനെ വിന്യസിക്കും. റെയ്ഡ് ഉൾപ്പെടെ നടത്തി ലഹരിമരുന്ന് ഉപയോഗത്തിന് തടയിടാനാണ് പോലീസിന്റെ നീക്കം.
Discussion about this post