ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയിലേക്കുള്ള ഫർണ്ണീച്ചറുകൾ താനാണ് വാങ്ങി നൽകിയതെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖർ. ജയിലിൽ നിന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയ്ക്ക് സുകേഷ് എഴുതിയ കത്തിലാണ് ബംഗ്ലാവ് നവീകരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉള്ളത്. കെജ്രിവാളിന്റെ വീട്ടിലേക്കുള്ള ആഡംബര സാധനങ്ങൾ താൻ പണം മുടക്കിയെന്നാണ് കത്തിൽ പ്രധാനമായും പറയുന്നത്.
ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവ് സത്യേന്ദർ ജെയിനിനൊപ്പം എത്തി കെജ്രിവാൾ തന്നെയാണ് അവ തിരഞ്ഞെടുത്തത്. ചില ഫർണിച്ചറുകൾ ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും സുകേഷ് അവകാശപ്പെട്ടു. ഓദ്യോഗിക വസതിയുടെ നവീകരണത്തിന് സർക്കാർ ഖജനാവിൽ നിന്ന് 45 കോടി രൂപ അനുമതിയില്ലാതെ ചെലവഴിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് കെജ്രിവാളിന് പുതിയ കുരുക്ക് വീണിരിക്കുന്നത്.
ഓദ്യോഗിക വസതിയിലേക്ക് തന്നെയാണ് താൻ ഫർണ്ണീച്ചറുകൾ വാങ്ങി നൽകിയതെന്ന് സുകേഷ് പറയുന്നുണ്ട്. ” ഉയർന്ന നിലവാരമുള്ള ഫർണ്ണീച്ചറുകളും കിടക്കകളുമാണ് ആ വീട്ടിലേക്ക് വാങ്ങി നൽകിയത്. കെജ്രിവാളിന്റേയും സത്യേന്ദർ ജെയിനിന്റേയും മൊബൈൽ ഫോണുകളിലേക്ക് വാട്‌സ്ആപ്പ് വഴിയും മറ്റും ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു. അത് നോക്കിയാണ് അവർ ഫർണ്ണീച്ചറുകൾ തിരഞ്ഞെടുത്തതെന്നും” സുകേഷ് ആരോപിക്കുന്നു.
വാങ്ങിയ സാധനങ്ങളും ഇതിനായി ചെലവഴിച്ച തുകയും സഹിതമാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. കത്തിലെ വിവരങ്ങൾ പ്രകാരം കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് സുകേഷ് കെജ്രിവാളിന്റെ വീട്ടിലേക്ക് എത്തിച്ച് നൽകിയിരിക്കുന്നത്. ഫർണ്ണീച്ചറുകൾക്ക് പുറമെ 90 ലക്ഷം വിലമതിക്കുന്ന വെള്ളിപാത്രങ്ങളും കെജ്രിവാളിന്റെ വീട്ടിൽ എത്തിച്ച് നൽകിയെന്നും, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ അടക്കം സമർപ്പിക്കാമെന്നും സുകേഷ് പറയുന്നു.
Discussion about this post