ശിവമോഗ: ഭീകരമായിരുന്നു അവിടുത്തെ സ്ഥിതി. ഒരു പോറൽ പോലും ഏൽക്കാതെയാണ് ഞങ്ങളെ തിരിച്ചെത്തിച്ചത്. ഇതെല്ലാം സാദ്ധ്യമായത് അങ്ങ് പ്രധാനമന്ത്രി ആയതുകൊണ്ടാണ്. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും രക്ഷപെട്ട് ജൻമനാടിന്റെ സുരക്ഷിതത്വത്തിലെത്തി പ്രധാനമന്ത്രിയെ കണ്ട അവർ ഒരേ സ്വരത്തിലായിരുന്നു ഈ അഭിപ്രായം പങ്കുവെച്ചത്.
സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയിലൂടെ ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച കർണാടകയിലെ ഗോത്ര വിഭാഗമായ ഹക്കി പിക്കി സമുദായക്കാരാണ് പ്രധാനമന്ത്രിയെ കണ്ട് നന്ദി പ്രകടിപ്പിച്ചത്. സുഡാനിൽ നേരിട്ട ഭയാനകമായ അവസ്ഥയും അവിടെ നിന്ന് എംബസി ഉദ്യോഗസ്ഥരും സ്റ്റാഫും തങ്ങളെ എത്രത്തോളും സഹായിച്ചുവെന്നും അവർ പ്രധാനമന്ത്രിക്ക് മുൻപാകെ വെളിപ്പെടുത്തി. അവിടെ നേരിട്ട ബുദ്ധിമുട്ടുകളും അവിടുത്തെ സാഹചര്യവും പ്രധാനമന്ത്രി ഓരോരുത്തരോടും ചോദിച്ചറിഞ്ഞു.
മൂന്ന് രാത്രികൾ ഉൾപ്പെടെ നാല് ദിനങ്ങൾ ബസിൽ തന്നെ ചിലവഴിച്ചാണ് ഇവരെ എൽ ഫാഷിറിൽ നിന്നും പോർട്ട് സുഡാനിൽ എത്തിച്ചത്. കർണാടകയിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇവരുടെ ഒഴിപ്പിക്കൽ രാഷ്ട്രീയ വിവാദമാക്കാൻ കോൺഗ്രസും ജെഡിഎസും ശ്രമിച്ചിരുന്നു. ഖാർത്തൂമിലെ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാരുമാണ് എല്ലാ സഹായവും ചെയ്തത്.
ലോകത്തെവിടെയും ഒരു ഭാരതീയനും എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ അത് പരിഹരിക്കുവോളം സർക്കാരിന് വിശ്രമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹക്കി പിക്കി സമുദായക്കാരുടെ പൂർവ്വികർ മഹാറാണ പ്രതാപിനെ സഹായിച്ച കാര്യവും പ്രധാനമന്ത്രി ഉദ്ധരിച്ചു.
ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചു. സുഡാനിൽ കഴിയുന്നവർ എവിടെയാണുളളതെന്ന് ഇവർ വെളിപ്പെടുത്തുമോയെന്ന് ആയിരുന്നു ഞങ്ങളുടെ ഭയം. അങ്ങനെയായാൽ അവരുടെ ജീവൻ കൂടുതൽ അപകടത്തിലാകും. അതുകൊണ്ടു തന്നെ നിശബ്ദമായിരുന്നു സർക്കാരിന്റെ പരിശ്രമമെന്നും മോദി പറഞ്ഞു.
നിങ്ങൾക്ക് വേണ്ടി നിലകൊണ്ട രാജ്യത്തിന്റെ കരുത്ത് മനസിലാക്കണമെന്ന് പ്രധാനമന്ത്രി അവരോട് പറഞ്ഞു. ബുദ്ധിമുട്ടിലാകുന്നവരെ സഹായിക്കണമെന്നും സമൂഹത്തിനും രാജ്യത്തിനും വേണ്ടി മികച്ച സംഭാവനകൾ നൽകണമെന്നും പറഞ്ഞാണ് മോദി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
Discussion about this post