മലപ്പുറം : താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പ്രാഥമിക നഗമനം. മരിച്ചവരിൽ നാല് കുട്ടികളുമുണ്ടായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതോളം പേർ യാത്ര ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
20 പേരെ രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കൽ, എന്നിങ്ങനെ വിവിധ ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു.
രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആശുപത്രികളില്ലാത്ത ആരോഗ്യപ്രവർത്തകരോട് എത്തിച്ചേരണെമന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. ഇതിനായി മന്ത്രിമാർ താനൂരിലേക്ക് തിരിച്ചു.
Discussion about this post