ഇടുക്കി: സിപിഎം നേതാക്കളുടെ ഭീഷണി മൂലം ഏലത്തോട്ടം ഉപേക്ഷിച്ച് നാട് വിടാനൊരുങ്ങി ഉടമകൾ. ജെ.സി.പ്ലാന്റേഷൻസ് ഉടമയും കുവൈത്തിൽ വ്യവസായിയുമായ ജേക്കബും ഭാര്യ ജെസിയുമാണ് സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. സിപിഎമ്മിന്റെ ഗുണ്ടാപ്പിരിവിനെതിരെ പരാതിപ്പെട്ടപ്പോൾ മർദ്ദനവും പിന്നാലെ വധഭീഷണിയും നേരിടേണ്ടി വന്നതോടെയാണ് ഇവർ നാട് വിടാൻ തീരുമാനിക്കുന്നത്.സംരക്ഷണം തേടി കളക്ടർക്ക് പരാതി നൽകിയതോടെ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വൈരാഗ്യബുദ്ധിയോടെയുള്ള ഇടപെടലാണ് ഉണ്ടായതെന്ന് ജേക്കബ് ആരോപിക്കുന്നു.
കുവൈത്തിൽ വ്യവസായിയായ ജേക്കബ് 2001ലാണ് 16 ഏക്കർ ഏലത്തോട്ടം വാങ്ങിയത്. സിഐടിയു യൂണിയനാണ് തോട്ടത്തിലുള്ളത്. പിരിവിനും യൂണിയൻ പ്രവർത്തനത്തിനുമായി സിപിഎം നേതാക്കൾ തോട്ടത്തിലേക്ക് കയറുന്നതിന് നാല് മുൻപ് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്ക് നൽകണമെന്ന് ശാന്തൻപാറ ഏരിയ കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ടതിനെതിരെ തോട്ടം ഉടമ കോടതിയെ സമീപിച്ചതാണ് സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണം.
സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറിയായ എൻ.പി.സുനിൽകുമാറാണ് പാർട്ടി ഫണ്ടിലേക്ക് എന്ന പേരിൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണത്തിന് പണമാവശ്യപ്പെട്ട് ഒരു ലക്ഷം രൂപയുടെ രസീതും നൽകിയിരുന്നു.
പിന്നാലെ തോട്ടത്തിലെ ജീവനക്കാരെ സിപിഎം നേതാക്കൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ സിപിഎം ഉടുമ്പൻചോല ലോക്കൽ സെക്രട്ടറി അനീഷ്, ഡിവൈഎഫ്‌ഐ നേതാവ് നിസാം, പാർട്ടി അനുഭാവികളായ മുത്തുരാജ്, പെരുമാൾ, ചെല്ലദുരൈ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിരിവിനായി സമ്മർദം ശക്തമായതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എൻ.മോഹനന് പരാതി കൊടുത്തു. തുടർന്ന് 25,000 രൂപ ഗൂഗിൾ പേയിലൂടെ കൈമാറിയെന്നും ഉടമ പറയുന്നു. ഈ പണം തിരിച്ചു കൊടുക്കാൻ പാർട്ടി പിന്നീട് തീരുമാനിച്ചിരുന്നു.
Discussion about this post