മലപ്പുറം : മലപ്പുറം താനൂരിൽ ബോട്ടപകടം നടന്ന് 22 പേർ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ കേരള പോലീസിന്റെ അഭിമാനമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗവുമായിരുന്ന സബറുദ്ദീനാണ് അപകടത്തിൽ മരിച്ചത്.
മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സബറുദ്ദീൻ. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച് നടന്ന സബറുദ്ദീൻ, കള്ളനെ പിടിച്ച ശേഷമാണ് ബാർബർ ഷോപ്പിൽ കാല് കുത്തിയത്.
താനൂർ ബീച്ച് റോഡിലെ മിൽമ ബൂത്തിൽനിന്ന് സ്‌കൂട്ടർ മോഷ്ടിച്ചയാൾ പോലീസിനെ ഏറെ നാൾ വട്ടംകറക്കിയിരുന്നു. താനൂർ പോലീസ് സ്റ്റേഷന് മുന്നിൽ കൂടിയാണ് സ്‌കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നതെന്ന് വ്യക്തമായതോടെ സമ്മർദ്ദം വർദ്ധിച്ചു. ഇതിനിടെ, മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ അവിടെ നിന്ന് മുടി വെട്ടാതെ ഇറങ്ങുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാതെ ഇനി മുടി വെട്ടില്ലെന്നും സഹപ്രവർത്തകരോടു പറഞ്ഞു.
സബറുദ്ദീനും സീനിയർ സിവിൽ പോലീസ് ഓഫീസറായ സലേഷും ചേർന്നാണ് എട്ടാം നാൾ പതിനഞ്ചുകാരനായ പ്രതിയെ പിടികൂടിയത്. ഇതിനു ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തിയത്.
Discussion about this post