വയനാട് : വയനാട്ടിൽ വനവാസി പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സാമൂഹിക പ്രവർത്തകയായ അമ്മിണി കെ ആണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവെച്ചത്. വയനാട്ടിൽ ഒരു വനവാസി പെൺകുട്ടി ക്രൂരമായ ഗ്യാങ് റേപ്പിന് വിധേയയായി ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമാകാൻ പോകുന്നുവെന്ന് ഇവർ പറയുന്നു.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഏഴിൽ കൂടുതൽ തുന്നികൂട്ടലുകൾ ഉണ്ട്. അത്രയും ആഴത്തിലാണ് മുറിവുള്ളത്. എന്നാൽ ആശുപത്രി അധികൃതർ ഇതുവരെ പോലീസിലേക്ക് ഇന്റീമേഷൻ കൊടുത്തിട്ടില്ല. അത് മാത്രമല്ല പെൺകുട്ടിയെ കാണാതായതായി കാണിച്ച് കുടുംബം കൊടുത്ത പരാതി വീട്ടുകാരുടെ ഒപ്പ് വാങ്ങി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നാണ് കുടുംബം കേസ് കൊടുത്തത്. ഇതുവരെ പ്രതികളിൽ ഒരാൾ കുട്ടിയെ ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി ആശുപത്രിയിൽ എത്താറുണ്ടായിരുന്നു. അഞ്ച് ദിവസമായി പെൺകുട്ടി ആശുപത്രിയിൽ തുടരുന്ന വിവരം വയനാട്ടിലെ ജനപ്രതിനിധികളോ എസ് സി/ എസ് ടി കമ്മീഷനോ അറിഞ്ഞിട്ടില്ല. പോലീസ് പോലും ഈ വിവരം അറിഞ്ഞിട്ടില്ല. അറിഞ്ഞവരാരും ആരെയും ഒന്നും അറിയിച്ചിട്ടുമില്ല.
പ്രതികളിൽ ചിലർ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. നേരത്തെ തന്നെ അവർ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ആരംഭിച്ചു. ഇപ്പോഴെങ്കിലും പോലീസ് കേസ് എടുത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ തെളിവ് നശിപ്പിക്കപ്പെടാനും, പ്രതികൾ ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് കാത്തു നിൽക്കുന്നതെങ്കിൽ പിന്നെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ജീവിക്കാനുള്ള സാഹചര്യം ഓരോ മനുഷ്യനും ഒരുക്കി കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ആരത് ചെയ്യാതിരുന്നാലും അത് മനുഷ്യരോട് ചെയ്യുന്ന തെറ്റാണ്. ഇവിടെ ഒന്നും ചെയ്യാത്ത നമുക്കെങ്ങനെ ഉത്തരേന്ത്യയെ കുറിച്ച് വാചാലരാകാൻ സാധിക്കുമെന്നും കുറിപ്പിൽ ചോദിക്കുന്നു.
Discussion about this post