തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരി കൊളുത്തിയത് ചൂടേറിയ ചർച്ചകൾക്ക്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ സെക്ഷൻ ഓഫീസിൽ തീപിടുത്തം ഉണ്ടായത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ഫയലുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സെക്ഷനായിരുന്നു ഇത്.
മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വിദേശയാത്രാ വിവരങ്ങൾ സൂക്ഷിക്കുന്നതാണ് പ്രോട്ടോകോൾ സെക്ഷൻ. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ മനപ്പൂർവ്വം തീയിട്ടതാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അന്നേ ഉന്നയിച്ചിരുന്നു. കംപ്യൂട്ടർ കേബിളിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സർക്കാർ അന്ന് മുതൽ പറഞ്ഞിരുന്നതെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ഇതല്ലെന്നാണ് പറയുന്നത്.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും സംഭവം അന്വേഷിച്ചിരുന്നു. തീപിടുത്തം അട്ടിമറിയല്ലെന്നും ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇതിൽ നിന്നും ഫയലുകളിലേക്കും കർട്ടനിലേക്കും തീപിടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു ഈ തീപിടുത്തം ഉണ്ടായത്.
ഇന്ന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ മൂന്നാം നിലയിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. പക്ഷെ തീപിടുത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പഴയ സംഭവം ചൂണ്ടിക്കാട്ടിയുളള ചർച്ചകൾ സജീവമായി. എഐ ക്യാമറ വിവാദവും കെൽട്രോണുമായുളള ഇടപാടും അഴിമതിയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
Discussion about this post